പ്രചാരണ പ്രവര്‍ത്തനങ്ങള്‍
‘ഡിജി കേരളം’ – സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരതാ പദ്ധതിയെ മൂന്ന് ഘട്ടങ്ങള്‍ ആയി തരം തിരിക്കാവുന്നതാണ്. വിവരശേഖരണത്തിന്റെ ആദ്യ ഘട്ടം, ഡിജിറ്റല്‍ സാക്ഷരത ഇല്ലാത്തവര്‍ക്ക് പരിശീലനം നല്‍കുന്നതിന്റെ രണ്ടാം ഘട്ടം, പരിശീലനം സിദ്ധിച്ചവര്‍ ഡിജിറ്റല്‍ സാക്ഷരത കൈവരിച്ചോ എന്ന് മൂല്യ നിര്‍ണ്ണയം നടത്തുന്ന മൂന്നാം ഘട്ടം. ഈ മൂന്ന് ഘട്ടവും വിജയകരമായി പൂര്‍ത്തിയാക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മതിയായ മാനവ വിഭവശേഷി ആവശ്യമുണ്ട്.
പദ്ധതിയുടെ ആദ്യ ഘട്ടം എന്ന നിലയില്‍, ഡിജിറ്റൽ സാക്ഷരതയും അതിന്റെ പ്രാധാന്യവും ജനങ്ങൾക്ക് മനസിലാകുന്ന രീതിയിലും, യുവജനങ്ങളിലേക്കും കൗമാരക്കാരിലേക്കും വോളണ്ടീയർ ആകാനുള്ള പ്രേരണ നൽകുന്ന വിധത്തിലുമുള്ള പ്രചാരണ പരിപാടികൾ നടത്തേണ്ടതുണ്ട്. പദ്ധതിയുടെ ആവശ്യകതയെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചുമുള്ള വാര്‍ത്തകള്‍, പരസ്യങ്ങള്‍, വീഡിയോകള്‍, റീലുകള്‍ എന്നിവ തയ്യാറാക്കുന്നതിനുള്ള സംസ്ഥാനതല പ്രചാരണ പ്രവര്‍ത്തനങ്ങള്‍ കുടുംബശ്രീ സംസ്ഥാന മിഷന്റെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുണ്ട്.
‘ഉന്നത് ഭാരത് അഭിയാന്‍’ പദ്ധതിയുടെ ഭാഗമായി ഒരു പ്രദേശത്തെ വികസനപരമായ പദ്ധതികളില്‍ അവിടുത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളും വിദ്യാര്‍ത്ഥികളും ഭാഗമാകണം എന്ന് കേന്ദ്ര സര്‍ക്കാര്‍ നിഷ്കര്‍ഷിച്ചിട്ടുണ്ട്. AICTE അംഗീകാരം ഉള്ള എല്ലാ സ്ഥാപനങ്ങളും ഈ പദ്ധതിയുടെ ഭാഗമാകേണ്ടതുണ്ട്. കേരളത്തില്‍ 14 ജില്ലകളിലായി 186 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇത് വരെ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഓരോ സ്ഥാപനവും ഏറ്റവും കുറഞ്ഞത് 5 ഗ്രാമങ്ങളെ വീതം ദത്ത് എടുത്തിട്ടുമുണ്ട്. ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ താത്പര്യമുള്ള അദ്ധ്യാപകരെയും, വിദ്യാര്‍ത്ഥികളെയും പദ്ധതിയുടെ ഭാഗമാക്കി, അവരില്‍ സാമൂഹ്യ സേവനത്തിന്റെ പ്രാധാന്യം മനസിലാക്കി കൊടുത്ത് പദ്ധതിയില്‍ ചേര്‍ക്കുന്നതാണ്.
ഇതോടൊപ്പം പദ്ധതിയുടെ മൂന്ന് ഘട്ടങ്ങളിലും വോളണ്ടിയർമാരായി പ്രവര്‍ത്തിക്കുവാന്‍ താത്പര്യം ഉള്ള മുഴുവന്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കും പദ്ധതിയില്‍ പങ്കാളികള്‍ ആവുന്നതിന് രജിസ്റ്റര്‍ ചെയ്യുവാനുള്ള സൗകര്യം ഒരുക്കും. വിദ്യാര്‍ത്ഥികള്‍, വോളണ്ടിയർമാര്‍ എന്നിവര്‍ മുഖേനയുള്ള പ്രവൃത്തികള്‍ വിജയകരമായി പൂര്‍ത്തീകരിക്കുന്നതിന് അവരെ സഹായിക്കുന്നതിനും, പഠിതാക്കളുടെ വീടുകളില്‍ എത്തുന്നതിനും അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും കുടുംബശ്രീ സംഘടനാ സംവിധാനം ഉപയോഗിക്കും.
ഓരോ തദ്ദേശ സ്ഥാപനത്തിലെയും വിട്ടു കിട്ടിയ സ്ഥാപനങ്ങളിലെ ജീവനക്കാരെയും സാക്ഷരതാ പ്രേരകമാരെയും അവരുടെ താത്പര്യം അനുസരിച്ച്, അവരുടെ ദൈനംദിന ജോലികളെ ദോഷകരമായി ബാധിക്കാത്ത തരത്തില്‍, പദ്ധതിയുടെ വാര്‍ഡ്/ഡിവിഷന്‍തല മോണിറ്ററിങ്ങിന് നിയോഗിക്കും. ഇത് കൂടാതെ ഓരോ തദ്ദേശ സ്ഥാപനത്തിന്റെയും പരിധിയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കും അദ്ധ്യാപകര്‍ക്കും വാര്‍ഡ്/ഡിവിഷന്‍ തലത്തിലെ മോണിറ്ററിംഗിന്റെ ഭാഗമാക്കുന്നതാണ്.
പരമാവധി വിദ്യാര്‍ത്ഥികള്‍, വോളണ്ടിയർമാര്‍ എന്നിവരുടെ പങ്കാളിത്തം ഉറപ്പ് വരുത്തുന്നതിനായി വ്യാപകമായ പ്രചരണം നല്‍കുകയും, ഡിജി കേരളം പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ പരിപാടികളും വന്‍ ജനപങ്കാളിത്തം ഉറപ്പാക്കി ജില്ലാതല പ്രവര്‍ത്തനങ്ങള്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തിലും തദ്ദേശ തലത്തിലെ പരിപാടികള്‍ സമൂഹത്തിലെ ആദരണീയരായ വ്യക്തികളുടെ സാന്നിദ്ധ്യത്തിലും പങ്കാളിത്തത്തിലും ആരംഭിക്കും.